ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
മലമടക്കുകളിലൂടെ വിശാലമായ വയലേലകളും ചെങ്കൽപ്പാറകളും കടന്ന് അറബിക്കടലിലെ തിരമാലകൾ ചിരിച്ചുല്ലസിക്കുന്ന തീരദേശത്തിന്റെ സൗന്ദര്യവും ഒത്തിണങ്ങി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിലസിക്കുന്നു. പഞ്ചവത്സരപദ്ധതികളുടെ ഭാഗമായി രൂപംകൊണ്ട് വികസന ബ്ലോക്കുകളോടൊപ്പം 1963ൽ കാഞ്ഞങ്ങാട് വികസന ബ്ലോക്ക് നിലവിൽ വന്നു. കാഞ്ഞങ്ങാട്, അജാനൂർ, പള്ളിക്കര, പുല്ലൂർ പെരിയ, മടിക്കൈ, ഉദുമ, കോടോം ബേളൂർ, പനത്തടി, ബളാൽ എന്നീ പഞ്ചായത്തുകൾ ഉൾക്കൊണ്ടതായിരുന്നു ആദ്യകാലത്ത് കാഞ്ഞങ്ങാട് ബ്ലോക്ക്. എന്നാൽ 2010ൽ നടന്ന ബ്ലോക്ക് പഞ്ചായത്ത് പുനഃസംഘടനയുടെ ഭാഗമായി, കോടോം ബേളൂർ, കള്ളാർ, പനത്തടി, ബളാൽ എന്നീ ഗ്രാമ പഞ്ചായത്തുകൾ പരപ്പ ബ്ലോക്ക് പഞ്ചായത്തിലേക്ക് പോവുകയും അജാനൂർ, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ, മടിക്കൈ എന്നീ പഞ്ചായത്തുകൾ ചേർന്ന് പുതിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രൂപം കൊള്ളുകയും ചെയ്തു. കടൽ വിഭവങ്ങളുടെയും കാർഷികമേഖലയുടെയും ഈറ്റില്ലമാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. നേന്ത്രവാഴയുടെ കേന്ദ്രമായ മടിക്കെ പഞ്ചായത്ത്, പുകയിലയും, കശു മാവ് തോട്ടങ്ങളാലും സമൃദ്ധമായ നാടാണ് പുല്ലൂർ പെരിയ പഞ്ചായത്ത്. കടൽ വിഭവങ്ങളാലും, ടൂറിസ്റ്റ് കേന്ദ്രങ്ങളാലും അനുഗ്രഹീതമാണ് അജാനൂർ, പള്ളിക്കര, ഉദുമ പഞ്ചായത്തുകൾ. കാർഷികമേഖലയാൽ അനുഗ്രഹീതമാണ് നമ്മുടെ ബ്ലോക്ക് പഞ്ചായത്ത്. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന നെൽവയലുകളും തെങ്ങിൻതോപ്പുകളും കൊണ്ട് അനുഗ്രഹീതമാണ്. കവുങ്ങ്, വാഴ, ഇഞ്ചി, ചേന, ചേമ്പ് കപ്പ, പച്ചക്കറികൾ എന്നിവ ധാരാളമായി കൃഷി ചെയ്യപ്പെടുന്നു. അരുവികളും, തോടുകളും, കുളങ്ങളും, നീർച്ചാലുകളും മണ്ണിനെ സമൃദ്ധമാക്കാൻ സഹായിക്കുന്നു.
കട്ടിയുള്ള ചെങ്കൽപാറകൾ ധാരാളമായി വിവിധ പഞ്ചായത്തുകളിൽ കാണപ്പെടുന്നു. ഇവ വെട്ടിയെടുത്ത് വീട് നിർമ്മാണത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലൊരിടത്തും ഇത്രയും ഉറപ്പും ഈട് നിൽക്കുന്നതുമായ ചെങ്കല്ലുകൾ ലഭ്യമല്ല എന്നാണ് നിഗമനം. ബ്രിട്ടീഷുകാരുടെ കാലത്തിന് എത്രയോ മുമ്പ് തന്നെ ഇത്തരം കല്ലുകൾ ഖനനം ചെയ്ത് കോട്ടകളും ജയിലുകളും വ്യാപാരസ്ഥാപനങ്ങളും മറ്റും നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി കാണാം. ഇത് നാട്ടിൽ നല്ലൊരു വരുമാന സ്രോതസ്സുകൂടിയാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഉത്ഭവത്തിൽ അത് കാർഷിക ഗ്രാമ സ്വഭാവമുള്ളതായിരുന്നുവെങ്കിൽ ഇന്ന് ധാരാളം വാണിജ്യ, വ്യവസായ കേന്ദ്രങ്ങൾ നിലകൊള്ളുകയും നഗരവത്ക്കരണത്തിലേക്ക് നീങ്ങുകയും ചെയ്‌തിരിക്കുന്നു.
സമ്പന്നമായ ഒരു ചരിത്രപൈതൃകമുള്ള നാടാണിത്. നവീനശിലായുഗത്തോളം നീളുന്ന ഒരു പൈതൃകത്തിന്റെ തെളിവുകൾ ഇവിടെ ഇന്നും കണ്ടെത്തിയിട്ടുണ്ട്. കായ്കനികൾ ഭക്ഷിച്ചും വന്യമൃഗങ്ങളോട് പൊരുതിയും കഴിഞ്ഞിരുന്ന പ്രാകൃത മനുഷ്യൻ മലയിറങ്ങി സമതലങ്ങളിലെത്തുകയും കൃഷിക്ക് ആരംഭം കുറിക്കുകയും ചെയ്തു. നവീനശിലായുഗ മനുഷ്യൻ മൃഗങ്ങളെ മെരുക്കുകയും കൃഷിയാരംഭിക്കുകയും ചെയ് വെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ശിലകൾ ചെത്തി മിനുക്കി ആയുധമായി ഉപയോഗിച്ചു.
മഹാശിലാസംസ്ക്കാരമാകട്ടെ, കാഞ്ഞങ്ങാട് ബ്ലോക്കിന്റെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്നു. കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (കുശവൻകുന്ന്), പുല്ലൂർ-പെരിയ (ഇല്ലത്തെകുന്ന്), പള്ളിക്കര (പനയാൽ, പെരിയട്ടടു ക്കം) തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് മഹാശിലാ സ്‌മാരകങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചെങ്കല്ലറകൾ, കുടക്കല്ലുകൾ, തൊപ്പിക്കല്ല്, വൈവിധ്യമാർന്ന മൺപാത്രങ്ങൾ എന്നിവ ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് കണ്ടത്തിയിട്ടുണ്ട്. വ്യാപകമായ ജനാധിവാസത്തെയും കാർഷികവൃത്തിയേയും ഈ തെളിവുകൾ സൂചിപ്പിക്കുന്നു. മനോഹരമായ മൺപാത്രങ്ങൾ ധാന്യങ്ങൾ സൂക്ഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ചു. മൺപാത്രനിർമ്മാണത്തിന്റെ ഈ പാരമ്പര്യം ഇപ്പോഴും ഈ പ്രദേശം നിലനിർത്തുന്നുണ്ട്. പെരിയയിലെ കായംകുളം, മടിക്കൈയിലെ എരിക്കുളം എന്നിവ ഇപ്പോഴും മൺപാത്ര നിർമ്മാണ കേന്ദ്രങ്ങളാണല്ലോ. കാഞ്ഞങ്ങാടിനടുത്ത് കുശവൻകുന്നിൽ ഇപ്പോൾ മൺപാത്ര നിർമ്മാണമില്ലെങ്കിലും പാത്രനിർമ്മാണത്തിൽ ഏർപ്പെട്ടുവരുന്നവരുടെ (കുശവന്മാർ) പേര് ഇപ്പോഴും നിലനിർത്തുന്നുണ്ട്.
കാഞ്ഞങ്ങാടിന്റെ സമ്പത്ത്വ്യവസ്ഥ കൂടുതൽ സജീവമാകുന്നത് കൃഷിയുടെ വ്യാപനത്തോട് കൂടിയാണ്. നീർത്തടങ്ങളാകെ ക്രമേണ കാർഷിക മേഖലകളായി മാറി. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ തോടുകൾ കീറി വെള്ളം വാർന്നുപോകാനുള്ള സൗകര്യമുണ്ടാക്കി. നെൽവയലുകൾ വ്യാപകമായി മാറി. പറമ്പിലെ ഒറ്റവിളയും വയലുകളിൽ രണ്ടും മൂന്നും വിളവുകളും എടുക്കുന്ന രീതി നിലവിൽ വന്നു. വെള്ളമില്ലാത്ത സ്ഥലങ്ങളിലേക്ക് ഉയർന്ന സ്ഥലങ്ങളിൽ കുളം നിർമ്മിച്ച് തോടുകളുണ്ടാക്കി വെള്ളം എത്തിക്കുന്ന രീതിയും വികസിച്ചുവന്നു. വെള്ളൂർ വയൽ, പനയാൽ, പള്ളിക്കര, മടിക്കൈ, പുല്ലൂർ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ വിശാലമായ വയലുകളുണ്ടായി. ക്രമേണ പുതിയ കൃഷികളും, കൃഷിരീതികളും ഉയർന്നുവന്നു. അനേകം നെൽവിത്തുകൾ നമ്മുടെ വയലുകളിൽ കൃഷി ചെയ്‌തു. 13-ാം നൂറ്റാണ്ടോടെങ്കിലും തെങ്ങ് കൃഷി തീരപ്രദേശങ്ങളിൽ ആരംഭിച്ചു. ഈ കൽപ്പവൃക്ഷം ക്രമേണ ഉൾനാടുകളിലും എത്തി. കുരുമുളക് വന്യമായ വിള എന്നതിൽ നിന്ന് തൊടികളിൽ കൃഷിചെയ്യുന്ന വിളയായും മാറി. നമ്മുടെ വനവിഭവങ്ങളും കാർഷിക ഉൽപ്പന്നങ്ങളും പുറംനാടുകളിൽ വലിയ തോതിൽ വിറ്റഴിക്കപ്പെട്ടു. 15-ാം നൂറ്റാണ്ടോടെ ബേക്കൽ, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങൾ പ്രധാനപ്പെട്ട തുറമുഖങ്ങളായി വികസിച്ചു. ഈ തുറമുഖങ്ങൾ നമ്മുടെ വിഭവങ്ങൾക്ക് പുറംനാടുകളിലേക്കുള്ള വാതായനങ്ങളായി മാറി. സാമ്പത്തിക മേഖലയിലുണ്ടായ ഇത്തരം മാറ്റങ്ങൾക്കും പുരോഗതിക്കും അടിസ്ഥാനമായി മാറിയത് വിവിധ സാമൂഹിക വിഭാഗങ്ങളുടെ കടന്നുവരവാണ്. കർണ്ണാടകയുടെയും കേരളത്തിന്റെയും വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ജനവിഭാഗങ്ങൾ ഇവിടെ കുടിയേറിപ്പാർക്കുകയും നമ്മുടെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്തു. പരമ്പരാഗത ജനസമൂഹങ്ങളാകട്ടെ, അവകാശങ്ങളും അധികാരങ്ങളുമില്ലാതെ കാർഷിക തൊഴിലാളികളോ, അടിയാളരോ ആയി മാറി. ദളിത് വിഭാഗം എന്ന പൊതു സംജ്ഞയിൽ അറിയപ്പെടുന്ന നിരവധി വിഭാഗങ്ങൾ അടിയാളരായി മാറി. മേലാളർ നാടുവാഴികളും ജന്മിമാരുമായി മാറി. ചരക്കുൽപ്പാദനത്തിന്റെ മേഖല കൂടി ഇതോടൊപ്പം തുറന്നുകിട്ടി. എണ്ണയും, തുണിയും ഉൽപ്പാദിക്കപ്പെട്ടു എന്നു മാത്രമല്ല ഇവ വിനിമയം ചെയ്യുന്ന ഏർപ്പാടുകളുണ്ടായി. വൈശ്യന്മാരുടെ അഭാവത്തിൽ മുസ്ലീംങ്ങളും, വാണിയരും, ചാലിയരും ചരക്ക് വിനിമയത്തിന്റെ മേഖലയിൽ സജീവമായി. വിഭവങ്ങളുടെ വിനിമയം ചന്തകളുടെ ആവിർഭാവത്തിന് വഴിയൊരുക്കി. കാഞ്ഞങ്ങാട്, ഉദുമ എന്നിവിടങ്ങളിലെ ചന്ത അടുത്തകാലം വരെ വളരെ പ്രസിദ്ധമായിരുന്നു. ബേക്കൽ തുറമുഖം 19-ാം നൂറ്റാണ്ടുവരെ വളരെ സജീവമായിരുന്നു.
വ്യക്തവും സംഘടിതവുമായ രാഷ്ട്രീയ സംവിധാനങ്ങൾ പൗരാണിക കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്നില്ല. മൂഷിക രാജവംശം ഏഴിമല ആസ്ഥാനമാക്കി ഭരിച്ചപ്പോൾ അവരുടെ അധികാരം ഈ പ്രദേശത്തേക്ക് വ്യാപിച്ചിരുന്നുവെന്നതിന് മൂഷികവംശ കാവ്യത്തിൽ സൂചനകളുണ്ട്. അതുപോലെ മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന പെരുമാക്കാന്മാരുടെ ഭരണ സ്വാധീനം ചന്ദ്രഗിരി വരെ വ്യാപിച്ചിരുന്നുവെന്നതിന്വ്യക്തമായ തെളിവുകളുണ്ട്. പുല്ലൂർ കൊടവലത്തെ വിഷ്ണു ക്ഷേത്ര ത്തിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ശിലാഫലകത്തിലെ പേർ ഇതിന് മതിയായ തെളിവ് നൽകുന്നു. കൊടവലത്ത കൃഷിക്കാർ പെരുമാക്കാന്മാർക്ക് നൽകേണ്ട ആറ്റൈകോകളിനെ (നികുതി) കുറിച്ചും അതിൽ മൂന്ന് കഴഞ്ച് സ്വർണ്ണമായി നൽകണമെന്നുള്ള പെരുമാൾ രാജാവായ സ്‌താണു രവിയുടെ 'കൊടവലം ശാസനം' വളരെ പ്രധാനപ്പെട്ട് ചരിത്രരേഖയാണ്. നികുതി സ്വർണ്ണമായി നൽകുവാൻ കഴിയുന്ന രൂപത്തിൽ സമ്പദ്വ്യവസ്ഥ ശക്തമായിരുന്നുവെന്നതിന്റെ തെളിവാണ് ഈ ശാസനം. പെരുമാക്കാന്മാരുടെ ഭരണ തകർച്ചയെതുടർന്ന് കേരളമാകെ ചെറുതും വലുതുമായ നിരവധി നാടുകൾ ഉയർന്നുവന്നതും നാടുവാഴികൾ അധികാരം സ്ഥാപിച്ചതും കേരള ചരിത്രത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഇങ്ങനെ ഉയർന്നുവന്ന അലവത്ത്നാട് (ഉപ്പള മുതൽ ചന്ദ്രഗിരിപുഴ വരെ), കവയനാട് (ചന്ദ്രഗിരിപുഴ മുതൽ ചിത്താരി പുഴ വരെ) പടുവനാട് (ചിത്താരി മുതൽ കാര്യങ്കോട് വരെ), അള്ളറത്ത്നാട് (കാര്യങ്കോട് മുതൽ കവ്വായി പുഴ വരെ) എന്നിവ ഇന്നത്തെ കാസർഗോഡ് ജില്ലയിലാണ് രൂപംകൊണ്ടത്. ഈ പ്രദേശങ്ങളിൽ പിന്നീട് കോലത്തിരി ആധിപത്യം സ്ഥാപി ക്കുകയും കോലത്തുനാടിന്റെ ഭാഗമായി മാറുകയും ചെയ്‌തു. ഈ കാലഘട്ടത്തിൽ തന്നെ അള്ളട സ്വരൂപം രൂപംകൊണ്ടതായി വിശ്വസിക്കപ്പെടുന്നു. ഈ പ്രദേശത്തിന്റെ സമ്പദ്‌മേഖലയുടെ നിയന്ത്രണത്തിനും സംരക്ഷണത്തിനും കർണ്ണാടകയിൽ നിന്നുള്ള അക്രമണങ്ങളെ തടഞ്ഞുനിർത്തുന്നതിനും വേണ്ടി നീലേശ്വരത്ത് ഒരു പുതിയ ഭരണകേന്ദ്രം ഉയർത്തുന്നതിന് കോലത്തിരി ശ്രമിച്ചു. നീലേശ്വരം രാജവംശത്തിന്റെ തുടക്കം കോലത്തിരി കുടുബത്തിലെ രാജകുമാരനും സാമൂതിരി കുടുംബത്തിലെ രാജകുമാരിയും തമ്മിലുള്ള വിവാഹത്തെ തുടർന്നാണെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു. ക്രമേണ അള്ളട സ്വരൂപം നീലേശ്വരത്തിന്റെ ഭാഗ മായി മാറി. ഈ കാലഘട്ടത്തിൽ കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളും നീലേശ്വരം രാജ്യത്തിന്റെ ഭാഗമായി മാറി.
"സ്മരിപ്പിൻ ഭാരതീയരെ നമിപ്പിൻ മാതൃഭൂമിയെ, മുലപ്പാൽ തന്നൊരമ്മയെ, എന്നാലും ഹാ മറക്കാമോ..." കേരളത്തിൽ ഏറെ പ്രചാരം നേടിയ ഈ കവിത രചിച്ചത് വിദ്വാൻ. പി. കേളുനായരാണ്. സാതന്ത്ര സമര നാളുകളിൽ ദേശാഭിമാനികൾ ഈ കവിതാശകലം എപ്പോഴും മൂളിക്കൊണ്ട് നടന്നിരുന്നു. കേളു നായർ തന്റെ സംഗീത നാടകങ്ങളിലൂടെ ജനങ്ങളിൽ ദേശാഭിമാനം വളർത്തിയെടുത്തു. ലങ്കാദഹനം, പാക്കനാർ ചരിതം, പാദുകപട്ടാഭിഷേകം തുടങ്ങിയ നാടകങ്ങളിലൂടെ അയിത്തോച്ഛാടനം, ഖാദിപ്രചരണം, വിദേശവസ്ത്ര ബഹിഷ്കരണം, സർവ്വസമുദായ മൈത്രി തുടങ്ങിയ ഗാന്ധിയൻ ആശയങ്ങൾ കേളുനായർ ജനഹൃദയങ്ങളിൽ എത്തിച്ചു. സ്വദേശി വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുവേണ്ടി കണ്ണൻ നായരും കേളുനായരും ചേർന്ന് വെള്ളിക്കോത്ത് പാഠശാല സ്ഥാപിച്ച് ഹരിജനങ്ങളടക്കമുള്ള ഏവർക്കും വിദ്യാലയത്തിൽ പ്രവേശനം നൽകി. കേരളീയനും കെ. മാധവനും ഇവിടുത്തെ വിദ്യാർത്ഥികളായിരുന്നു. സംസ്കൃതവും ഗണിതവും മാത്രമല്ല സ്വാതന്ത്ര ത്തെക്കുറിച്ചും ദേശീയ പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കാൻ കേളുനായർക്കും സഹപ്രവർത്തകർക്കും സാധിച്ചു. പിടിയരി ശേഖരിക്കുന്നതിലൂടെ സ്‌കൂളിന്റെ പ്രവർത്തനം നടത്തിക്കൊണ്ടു പോകാൻ സാധിച്ചു. കാലികമായ പ്രശ്‌നങ്ങളെ കുറിച്ച് വിദ്യാർത്ഥിനികളടക്കമുള്ളവർ ചേർന്ന് ചർച്ചകൾ സംഘടിപ്പിച്ചു. നിരവധി കോൺഗ്രസ്സ് പ്രവർത്തകരുടെ പരിശീലന കളരിയായി വിജ്ഞാനദായനി മാറി. മാത്രമല്ല വെള്ളിക്കോത്ത് കേന്ദ്രമായി യുവജനസംഘം രൂപം കൊണ്ടു. ഏ.സി. കണ്ണൻ നായരുടെ നേതൃത്വത്തിൽ ശക്തി മാസിക പ്രസിദ്ധീകരിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിന് ജനങ്ങളുടെ ഇടയിൽ വലിയ വേരോട്ടം ലഭിക്കുകയുണ്ടായി. സാമ്രാജ്യത്വത്തിനെതിരായി ഉയർന്നു വന്ന ദേശീയ പ്രസ്ഥാനത്തിൽ ഖാദി പ്രചരണം, രാഷ്ട്രഭാഷ പ്രചാരണം, സഹനസമരം, ഉപവാസം, എന്നിവയിൽ കണ്ണികളായവർ അനവധിയാണ്. വിദ്വാൻ പി. കേളുനായർ, ഏ.സി. കണ്ണൻ നായർ, കെ. മാധവൻ, കെ.ടി. കുഞ്ഞിരാമൻ നമ്പ്യാർ, ഗാന്ധികൃഷ്‌ണൻ നായർ, അടുക്കാടുക്കം കൃഷ്ണൻ നായർ, എൻ.സി. കണ്ണൻ മാസ്റ്റർ, ഏ.ജി. കമ്മത്ത് ഇവരിൽ പ്രധാനികളാണ്. സാമ്രാജ്യത്വത്തിനെതിരെ ബഹുജനരോഷം ഉണർത്തുന്നതിന് ഇവർ വഹിച്ച ത്യാഗോജ്ജ്വലമായ പ്രവർത്തനം ആധുനിക തലമുറയ്ക്ക് ഒരു പാഠഭേദം തന്നെ എന്നതിൽ അതിശയോക്തിയില്ല.
ഫ്യൂഡൽ വ്യവസ്ഥിതിക്കെതിരെ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ സമരങ്ങൾ നിരവധിയാണ്. ഭൂപ്രഭുക്കന്മാരും അവരുടെ പിണയാളുകളും സാധാരണ ജനവിഭാഗങ്ങളെ അടിമകളാക്കി നടത്തി ചൂഷണത്തിനും, അനീതിക്കുമെതിരെ അനീതിക്കെതിരെ ഐതിഹാസികമായ ചെറുത്തുനിൽപ്പായിരുന്നു കർഷക സംഘങ്ങൾ നടത്തിയതും സാധാരണ വാരം പാട്ടം പിരിവ് കൂടാതെ വാരി, നൂരി, വെച്ചു കാണിക്ക, ശിലക്കാശ്, കങ്കാണി, പത്തിന് രണ്ട് എന്നീ അക്രമ പിരിവിന് കുടിയാന്മാർ വിധേയരാകേണ്ടി വന്നു. പകലന്തിയോളം പണിയെടുക്കുന്ന കുടിയാന് പട്ടിണിയും ദാരിദ്രവുമായിരുന്നു മിച്ചം. ഒടി കുത്തൽ എന്ന പ്രാകൃത നിയമത്തിലൂടെ വിതച്ചത് കൊയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ടു. കുടിയൊഴിപ്പിക്കലിന്റെ മുൾമുനയിൽ നിർത്തി നട്ടം തിരിയുന്ന കുടിയാനായ കർഷകന് ആശ്വസിക്കാൻ കർഷകസംഘം ഒരു പിടിവള്ളിയായി അനുഭവപ്പെട്ടു. കൊടും പട്ടിണി നാളുകളിൽ നെല്ല് പൂഴ്ത്തിവെച്ച് സുഖലോലുപതയിൽ ജീവിതം നയിക്കുന്ന ജന്മിമാരുടെ പത്തായം കുത്തിത്തുറന്ന് നെല്ലെടുത്ത് ജനങ്ങൾക്ക് വിതരണം ചെയ്യുന്ന നെല്ലെടുപ്പ് സമരം നാടിന്റെ നാനാഭാഗത്തും അരങ്ങേറി. കൈവശഭൂമിയൊഴിപ്പിക്കലിനെതിരെയുള്ള സമരം മിച്ചഭൂമി സമരം എന്നിവയിലൂടെ കർഷക സംഘവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇവിടെ വേരോടി തുടങ്ങി. ജന്മികുടുംബങ്ങൾക്ക് ബ്രിട്ടീഷുകാർ അനുവദിച്ചു നൽകിയ പട്ടേലർ പദവി പോലീസിന്റെയും കോടതിയുടെയും പദവിക്ക് തുല്യമായിരുന്നു. കലക്ടർ വരെ പ്രഥമ വിവരങ്ങൾ ശേഖരിച്ചിരുന്നത് പട്ടേലരിൽ നിന്നുമായിരുന്നു. കോടോത്ത് ജന്മിമാർ, ആലത്തടി മലൂർ ജന്മി, ഏച്ചിക്കാനം ജന്മി, നീലേശ്വരം കോവിലകം തമ്പ്രാക്കന്മാർ, അരവത്ത് വാഴുന്നവർ, മൊടഗ്രാമം വാഴുന്നവർ, ഇരിയ വാഴുന്നവർ, ബാലിക്കടക്കോൻ നായന്മാർ, ഉടുമ്പന്തല നായന്മാർ, കുണ്ടിലായർ, സുബ്രഹ്മണ്യ പട്ടർ എന്നീ പ്രബല ജന്മിമാരും ഏതാനും ചെറുകിട ഭൂപ്രഭുക്കന്മാരുമായിരുന്നു ഈ ജനപഥത്തെ അടക്കി ഭരിച്ചിരുന്നത്. ഒരു കാലത്ത് തുളുനാടിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം തുളുനാടൻ സാംസ്‌കാരികതയുമായി ഇഴുകി ച്ചേർന്നു കഴിയുന്നു. വയോജന വിദ്യാഭ്യാസം ഗ്രാമീണ ഗ്രന്ഥശാല പ്രസ്ഥാനം എന്നിവ വിജ്ഞാനത്തിന്റെ മേഖലയിൽ ചെലുത്തിയ സ്വാധീനം ജനമനസ്സുകളിൽ ഉണർത്തു പാട്ടിന്റെ കാഹളമായി അലയടിച്ചുയരുകയായിരുന്നു. ക്ഷേത്ര പ്രവേശന വിളമ്പരം ഉണ്ടായിരുന്നെങ്കിലും അയിത്ത ജാതിക്കാർക്ക് ഇവിടുത്തെ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പിന്നോക്ക വിഭാഗക്കാരെ സംഘടിപ്പിച്ചും ക്ഷേത്ര പ്രവേശനം സാദ്ധ്യമാക്കുന്നതിൽ സ്വാമി ആനന്ദതീർത്ഥൻ വഹിച്ച ത്യാഗപൂർണ്ണമായ സേവനം നിസ്‌തുലമാണ്. സ്വച്ഛന്ദ സുന്ദരമായ മഞ്ഞംപൊതിക്കുന്നിന്റെ മടിത്തട്ടിൽ നിലകൊള്ളുന്ന ആനന്ദാശ്രമം ഒരു തീർത്ഥാടക കേന്ദ്രവും അഗതികളുടെ ആശ്രയ സ്ഥാനവുമാണ്.
തീരദേശത്തെ തൊട്ടുകിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്ത് ഭൂപ്രകൃതിയിലും കാർഷിക വൃത്തിയിലും മൺതരങ്ങളിലും, ജനജീവിതത്തിൽ പൊതുവേയും വൈവിധ്യമാർന്നതാണ്. തീരദേശത്തോട് തൊട്ട് കിടക്കുന്ന പള്ളിക്കര, അജാനൂർ, ഉദുമയുടെ പടിഞ്ഞാറ് ഭാഗം എന്നിവ കടൽ എക്കൽ മണ്ണ് നദി എക്കൽ ബ്രൗൺ ഹൈഡ്രോഫോർമിറ്റ് മണ്ണ് എന്നിവ കാണപ്പെടുന്നു. ഇവിടെ തെങ്ങ്, നെല്ല്, പച്ചക്കറി എന്നിവ സമൃദ്ധമായി വളരുന്നു. വിശാലമായ നെൽവയലുകൾ ഇന്ന് നാമാവശേഷമായി വരുന്നു. പുല്ലൂർ പെരിയ, മടിക്കൈ, ഉദുമയുടെ കിഴക്കുഭാഗം എന്നിവ ഇടനാടിൽപെടുന്നു. വെട്ടുകൽ മണ്ണ്, ചെമ്മണ്ണ് എന്നിവയാണ് ഇവിടുത്തെ മൺതരങ്ങൾ നെല്ല് തെങ്ങ്, പച്ചക്കറി, വാഴ, കവുങ്ങ്, മറ്റ് ഇടവിളകൃഷികൾ എന്നിവ ഇവിടെ കൃഷി ചെയ്‌തു വരുന്നു. വിശാലമായ ചെങ്കൽ പാറകൾ ഇവിടെ ധാരാളമായുണ്ട്. ഭൂവിസ്‌തൃതിയുടെ 25% ശതമാനത്തോളം ഇത്തരം കടുപ്പമേറിയ വെട്ടുകല്ല് പാറകളാൽ മൂടപ്പെട്ടു കിടക്കുന്നു. ആധുനിക കൃഷി സമ്പ്രദായം നെൽ കൃഷിക്കുള്ള പ്രാധാന്യവും ഏറെ കൊട്ടിഘോഷിക്കുമ്പോഴും നെൽവയലുകൾ നികത്തപ്പെടുന്ന കാഴ്‌ച ഗുരുതരമായി തന്നെ തുടരുന്നുണ്ട്. നെൽകൃഷിയോടുള്ള പഴമക്കാരുടെ പൊക്കിൾകൊടി ബന്ധം പുതിയ തലമുറ നിരാകരിക്കുന്നു. ഇതൊക്കെയാണെങ്കിലും ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് പുതിയതും പഴയതുമായ മാർഗ്ഗങ്ങൾ കർഷകർ അവലംബിക്കുന്നു. കാർഷികവൃത്തിയിലധിഷ്ഠിതമായ ഒരു ജീവിതത്തിൽ നിന്നും ഗ്രാമീണ ജനതയെ സംബന്ധിച്ചച്ചിടത്തോളം മറ്റു മാർഗ്ഗങ്ങളില്ല. എന്നതൊരു യാഥാർത്ഥ്യമാണ്.
ധാരാളം കൈതോടുകളും, ചെറുപുഴകളും കാലവർഷത്തിൽ നിന്നും തുലാവർഷത്തിൽ നിന്നും ലഭ്യമാകുന്ന മഴയും കൃഷിയിടങ്ങളെ സമ്പന്നമാക്കുന്നു. ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വരൾച്ച, വെള്ളപ്പൊക്കം, പ്രകൃതിക്ഷോഭം എന്നിവ കൃഷിയെയും, വിളകളെയും സാരമായി ബാധിക്കുന്നുണ്ട്. കുന്നിൻ പുറങ്ങളിലെ ജൈവാവരണത്തിന്റെ നഷ്ടം മണ്ണൊലിപ്പിനും, തോടുകൾ നികത്തപ്പെടുന്നതിനും അതുവഴി കരയിടിച്ചലിനും കാരണമാകുന്നുണ്ട്. കയ്യാലകളുടെ നിർമ്മാണം, കോണ്ടൂർ ബണ്ടുകൾ, മഴക്കുഴികൾ, പുല്ല് വെച്ച് പിടിപ്പിക്കൽ, ജൈവവേലികൾ എന്നിവ തടയുന്നതിന് പര്യാപ്തമാണ്.
പരമ്പരാഗത വ്യവസായങ്ങളായ കളിമൺപാത്ര വ്യവസായം ബ്ലോക്ക് പഞ്ചായത്തിലെ എരിക്കുളം, കായക്കുളം എന്നീ സ്ഥലങ്ങളിൽ ഇന്നും നിലനിൽക്കുന്നു. അലുമിനിയം, സ്റ്റീൽ പാത്രങ്ങളുടെ കടന്നു കയറ്റം ഈ പരമ്പരാഗത കുടിൽ വ്യവസായത്തെ വളരെയധികം ബാധിച്ചിട്ടുണ്ട്. എങ്കിലും മൺപാത്രങ്ങളിൽ വേവിച്ചെടുത്ത ചോറും മീൻകറിയും ഇന്നും പഴമക്കാർ രുചിയോടെ ഓർക്കുന്നു. പട്ടികജാതി, പട്ടികവർഗ്ഗക്കാരുടെ ഒരു പ്രധാന പരമ്പരാഗത ഉപതൊഴിലാണ് വട്ടി, കൊട്ട എന്നിവ ഉണ്ടാക്കൽ. ഈറ്റ, മുള, ചുരൽ, മോതിരവള്ളി, ചില കാട്ടുവള്ളികൾ എന്നിവ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.
വൻവ്യവസായങ്ങളൊന്നും തന്നെ ബ്ലോക്ക് പഞ്ചായത്തിലില്ല. പുല്ലൂർ പെരിയ, മടിക്കൈ ഗ്രാമ പഞ്ചായത്തുകളിൽ ക്രഷറുകളും കരിങ്കൽ ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും ആവാസ വ്യവസ്ഥയിൽ ഇവ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നു. മരമില്ലുകളും ഹോളോബ്രിക്സ് നിർമ്മാണശാലകളും ധാരാളം കാണുന്നു. പ്ലൈവുഡ് യൂണിറ്റുകളും, നീറ്റുകക്ക നിർമ്മാണയൂണിറ്റുകളും ബ്ലോക്ക് പഞ്ചായത്തിലെ തീരദേശത്തും ഇടനാടുകളിലും കാണപ്പെടുന്നു. മറ്റിതര ചെറുകിട-കുടിൽ വ്യവസായങ്ങളും ചെറിയ തോതിലുണ്ട്. കാർഷിക വ്യത്തിയോടൊപ്പം പശുവളർത്തൽ, ആടുവളർത്തൽ, കോഴിവളർത്തൽ എന്നി വയിലൂടെ പുതിയ ധനാഗമസ്രോതസ്സുകൾക്ക് കർഷകരും മറ്റുള്ളവരും പ്രയത്നിക്കുന്നുണ്ട്. ഉൾനാട്ടിലും, തീരദേശത്തും പശുവളർത്തലും പാലുൽപ്പാദനവും വരുമാനവർദ്ധനവിനുള്ള പ്രകടിത രൂപങ്ങളായി ഭവിക്കുന്നു. ക്ഷീരസംഘങ്ങൾ, ഡയറികൾ പാൽശേഖരണത്തിനും, വിതരണത്തിനും, സംസ്‌കരണത്തിനും സഹായ കരമായി പ്രവർത്തിക്കുന്നു. ചെറുകിട വ്യവസായ സംരംഭങ്ങൾ വ്യക്തി-ഗ്രൂപ്പ് അടിസ്ഥാന്തതിൽ ആരംഭിച്ചുവരുന്നത് ശുഭ സൂചകമാണ്.
ബീഡി നിർമ്മാണം വലിയൊരു തൊഴിലാണെങ്കിലും ഈ രംഗത്തെ തൊഴിലവസ രങ്ങൾ പരിമിതപ്പെട്ടുവരുന്നു. സഹകരണ മേഖലയിലെ ദിനേശ്ബീഡി സ്വകാര്യമേഖലയിലെ മറ്റിതര ബീഡിക്കമ്പനികൾ എല്ലാം തന്നെ ഉൽപാദനം കുറച്ചുകൊണ്ടുവരുന്നതിനാൽ ഈ രംഗത്തെ തൊഴിൽ മേഖലയും വരുമാനവും സന്നിഗ്‌ധ ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇവയെല്ലാം ഇന്ന് വൈവിധ്യ വൽക്കരണത്തിന്റെ പാതയിലാണ്. കുടുംബശ്രീ സ്വയംസഹായ സംഘത്തിന്റെ പ്രവർത്തനം ദാരിദ്ര ലഘൂകരണരംഗത്തും, വനിതകളുടെ സാമൂഹ്യപദവിയുയർത്തുന്നതിലും കാര്യമായ മാറ്റങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ട്. സാമ്പത്തികരംഗത്ത് മിതവ്യയത്തിലൂടെ സമാഹരിച്ച സമ്പാദ്യം അംഗങ്ങളുടെ ആവശ്യങ്ങൾക്കുപകരിക്കപ്പെടുന്നു. ലിങ്കേജ് ബാങ്കിങ്ങിലൂടെ ദരിദ്രവനിതകൾക്ക് സ്വയംപര്യാ പതത നേടുന്നതിനും മുഖ്യധാരയിലേക്കുള്ള പ്രയാണത്തിനും വഴിയൊരുക്കുന്നു. വരുമാനത്തിന്റെ തോത് വർദ്ധിപ്പിക്കുന്നതിന് തൊഴിൽ സംരംഭങ്ങൾ, സംരംഭകത്വ പ്രവർത്തനങ്ങൾ എന്നിവ കണ്ടെത്തേണ്ടിയിരിക്കുന്നു. കാർഷികവും കാർഷികേതരവുമായ വിവിധ സംരംഭങ്ങൾ കുടുംബശ്രീ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ആരംഭിച്ചതായി കാണാൻ കഴിയുന്നുണ്ട്. അതിനാവശ്യമായ പരിശീലനങ്ങൾ കുടുംബശ്രീ മിഷൻ നിർവ്വഹിക്കുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ രംഗത്ത് നിസ്‌തുലമായ സേവനങ്ങൾ നൽകിയിട്ടു ണ്ട്. കൂടാതെ പ്രവർത്തന മൂലധനത്തിലേക്ക് ഒരു വിഹിതം ത്രീതല പഞ്ചായത്തുകൾ ഗ്രാന്റായി നൽകിയിട്ടുണ്ട്. കാഞ്ഞങ്ങാട് ബ്ലോക്കിൽ വിവിധ പഞ്ചായത്തുകളിൽ കുടുംബശ്രീയുടെ പ്രവർത്തന ശ്രേണിയിലെ പടവുകളായി തീർന്നിരിക്കുന്നു. അഗതി പുനഃരധിവാസ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും യഥാർത്ഥ അഗതികളെ കണ്ടെത്തുന്നതിനും കൂടി കുടുംബശ്രീയുടെ മാതൃകാപ്രവർത്തനം സഹായകമാകേണ്ടിയിരിക്കു ന്നു. പുരുഷൻമാർ മാത്രം കയ്യടക്കി വെച്ചിരുന്ന പല തൊഴിൽ മേഖലകളിലും ഇന്ന് സ്ത്രീകൾ പരിശീലനം നേടി വ്യാപരിച്ചുകൊണ്ടിരിക്കുന്നു എന്നത് കുടുംബശ്രീ കൈവരിച്ച നേട്ടം തന്നെയാണ്. വിവിധ പഞ്ചായത്തുകളിൽ ധാരാളം പട്ടികജാതി - പട്ടികവർഗ്ഗസങ്കേതങ്ങൾ നിലവിലുണ്ട് ഉടയോന്റെ അടിയാളന്മാരായി അടിമത്വത്തിലൂടെ ജീവിതം ദുസ്സഹമായി തള്ളി നീക്കിയിരുന്ന ഇവർ ഇന്ന് സ്വാതന്ത്ര്യ ത്തിന്റെ സ്വഛന്ദവായുനുകരുന്നു. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലും സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള ഇവരുടെ പ്രയാണം മെല്ലേ പോക്കുനയം തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്ന് വളർന്നുവരുന്ന അവരുടെ മൂന്നാം തലമുറ തികച്ചും സാമൂഹ്യമായ ഉച്ച-നീചത്വങ്ങളെ അതിജീവിക്കാൻ പ്രാപ്‌തമായിട്ടുണ്ട്. വീട്, കക്കൂസ്, തൊഴിൽ, വൈദ്യുതിസൗകര്യം, കാർഷികോപകരണങ്ങൾ, ജലസേചന സൗകര്യങ്ങൾ, കുടിവെള്ള സൗകര്യം, വരുമാനദായക പ്രവർത്തനങ്ങൾ എന്നിവക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ലഭ്യമായ പരമാവധി വിഭവങ്ങളുപയോഗിച്ച് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസം ലഭ്യമാകുന്നത് പരമാവധി പ്രയോജനപ്പെടുത്തി, കൊഴിഞ്ഞുപോക്ക് ഇല്ലാതെ വരികയാണെങ്കിൽ പട്ടികജാതി- പട്ടികവിഭാഗത്തിന്റെ ഉയർച്ച സാക്ഷാത്ക്കരിക്കുമെന്നത് നിസ്സംശയമാണ്. തുടർ സാക്ഷരത പ്രസ്ഥാനം മുഖേന 4,7,10,+2 തുല്യതാ കോഴ്‌സുകൾ വിജയകരമായി നടപ്പിലാക്കിവരുന്നു.